Saturday, December 11, 2010

`ദയവു ചെയ്‌ത്‌ മരിക്കരുത്‌'PDFPrintE-mail

അബ്‌ദുല്‍വദൂദ്‌

ക്യാന്‍സര്‍ ബാധിച്ച്‌ മരണം ഉറപ്പായ ഒരാള്‍ക്ക്‌ എന്താണ്‌ പറയാനുണ്ടാവുക? എങ്ങനെയായിരിക്കും അയാളുടെ മനസ്സിന്റെ അവസ്ഥ? ആ മനസ്സില്‍ ഇനിയും സ്വപ്‌നങ്ങളുണ്ടാകുമോ?

റാന്‍ഡി പോഷ്‌ എഴുതിയ The last lucture എന്ന കൃതി ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക്‌ നമ്മെ നയിക്കും. മാരകമായ ക്യാന്‍സര്‍ ബാധിച്ച ആളായിരുന്നു അദ്ദേഹം. ജീവിച്ചിരുന്നെങ്കില്‍ ശാസ്‌ത്രലോകത്ത്‌ വലിയ കണ്ടെത്തലുകള്‍ നടത്തുമായിരുന്നു അദ്ദേഹം. ശാസ്‌ത്ര ലോകത്തിന്‌ അദ്ദേഹത്തില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ, നാല്‌പത്തി എട്ടാമത്തെ വയസ്സില്‍ 2008ല്‍ അദ്ദേഹം അന്തരിച്ചു. മരണം ഉറപ്പായ സമയത്ത്‌, ജോലി ചെയ്‌തിരുന്ന യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണമാണ്‌ ഈ ഗ്രന്ഥത്തിന്റെ വിഷയം. ആ പ്രഭാഷണം പത്തു ലക്ഷം ആളുകള്‍ ഇന്റര്‍നെറ്റിലൂടെ തത്സമയം കണ്ടുവത്രെ. ഗ്രന്ഥരൂപത്തിലായപ്പോള്‍ ലക്ഷക്കണക്കിന്‌ കോപ്പികള്‍ വില്‍ക്കപ്പെടുകയും ചെയ്‌തു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഗ്രന്ഥമായി ഇത്‌ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. ലോകത്തെ സ്വാധീനിച്ച ആറു വ്യക്തികളിലൊരാളായി ടൈം മാഗസിന്‍ 2008ല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

ഈ പുസ്‌തകം ജീവിതത്തിന്‌ പുതിയ പ്രതീക്ഷകള്‍ പകരുന്നു. മരണത്തെക്കുറിച്ച ഭയത്തില്‍ നിന്ന്‌, മാരകരോഗം പിടിപെട്ടവരെ പോലും പിടിച്ചുയര്‍ത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ചിലത്‌ ശ്രദ്ധിക്കൂ:

l കാഴ്‌ചയില്‍ കുഴപ്പമില്ലെങ്കിലും എന്റെ കരളില്‍ പത്ത്‌ ട്യൂമറുകളുണ്ട്‌. എന്റെ കുട്ടികള്‍ വളരെ ചെറിയവരാണ്‌. തെറ്റില്‍ നിന്ന്‌ ശരിയിലേക്ക്‌ പോകാന്‍ മക്കളെ പഠിപ്പിക്കാനാണ്‌ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്‌. ജീവിതം നല്‌കുന്ന വെല്ലുവിളികള്‍ എങ്ങനെ നേരിടണമെന്നാണ്‌ നാമവരെ പഠിപ്പിക്കേണ്ടത്‌. നമ്മുടെ ജീവിതത്തില്‍ നിന്ന്‌ ചില കഥകള്‍ അവര്‍ക്ക്‌ പറഞ്ഞുകൊടുക്കണം. അവരുടെ ജീവിതം എങ്ങനെ നയിക്കണമെന്ന്‌ അവരെ പഠിപ്പിക്കാനുള്ള ഒരു മാര്‍ഗമാണത്‌.

l ഞാനൊരു എന്‍ജിനീയറാണ്‌. പൂര്‍ണമായ പരിഹാരങ്ങളെ കുറിച്ചുള്ളതല്ല, പരിമിതമായ വിഭവങ്ങള്‍ കൊണ്ട്‌ ഏറ്റവും മികച്ചത്‌ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ളതാണ്‌ എന്‍ജിനീയറിംഗ്‌. സത്യത്തില്‍ ജീവിതവും ഇങ്ങനെയാണ്‌.

l എനിക്ക്‌ പ്രിയപ്പെട്ടവരായ അനേകം പേര്‍ എന്നെ അവസാനമായി കാണുന്ന നിമിഷമായിരിക്കും ഇത്‌. വളരെ പ്രധാനപ്പെട്ട കാര്യങ്ങളെ പറ്റി ചിന്തിക്കാനും മരണശേഷം ഞാനെങ്ങനെ ഓര്‍മിക്കപ്പെടണം എന്ന്‌ തീരുമാനിക്കാനും അവസാന സമയത്തും ചെയ്യാവുന്നത്ര നല്ല കാര്യങ്ങള്‍ ചെയ്യാനുമാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌.

l അഞ്ചും രണ്ടും വയസ്സുള്ള എന്റെ മക്കള്‍ എന്നെ എങ്ങനെയാണ്‌ ഓര്‍മിക്കുക. ചെറിയ ഓര്‍മകളേ അച്ഛനെക്കുറിച്ച്‌ അവര്‍ക്കുണ്ടാകൂ. ആ ഓര്‍മകളെല്ലാം നല്ലതാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്‌.

l അധ്യാപകന്‍, ശാസ്‌ത്രജ്ഞന്‍, ഭര്‍ത്താവ്‌, അച്ഛന്‍, മകന്‍, സുഹൃത്ത്‌ ഇവയൊക്കെയാണ്‌ ഞാന്‍. പക്ഷേ, ഇവയിലേതെങ്കിലുമൊന്ന്‌ എന്നെ വേറിട്ടു നിര്‍ത്തുന്നുണ്ടോ എന്നതാണ്‌ പ്രധാനം. ഒരു വര്‍ഷം 37,000 പേര്‍ക്ക്‌ അമേരിക്കയില്‍ കരളിന്‌ ക്യാന്‍സര്‍ പിടിപെടുന്നുണ്ട്‌. അങ്ങനെ ഒരാളായി മാത്രം മരിച്ചുപോകേണ്ടവനാണോ ഞാനും? നല്ല പ്രവര്‍ത്തനങ്ങളാണ്‌ എന്നെ വ്യത്യസ്‌തനാക്കേണ്ടത്‌.

l ജീവിതവഴിയില്‍ നല്ല നിലയില്‍ വഴി കാണിക്കാന്‍ എന്റെ കുട്ടികള്‍ക്ക്‌ സ്‌നേഹമുള്ള അവരുടെ അമ്മയുണ്ടെന്ന്‌ എനിക്കറിയാം. പക്ഷേ, അവര്‍ക്കവരുടെ അച്ഛനുണ്ടാകില്ല. ഞാനത്‌ അംഗീകരിക്കുന്നു. എല്ലാറ്റിനുമപരി മാതാപിതാക്കള്‍ തങ്ങളെ സ്‌നേഹിക്കുന്നതായി കുട്ടികള്‍ അറിയണം. അതിന്‌ മാതാപിതാക്കള്‍ ജീവനോടെ കൂടെയുണ്ടാകണമെന്നില്ല.

l വളരെയധികം ലാളിക്കപ്പെടുന്നവരാണ്‌ ഇന്നത്തെ കുട്ടികള്‍. അതെന്നെ ദു:ഖിപ്പിക്കുന്നു.

l ഏഴുപേര്‍ പന്തു കളിക്കുമ്പോള്‍ ഒരാള്‍ക്കേ ഒരു സമയം പന്തു കിട്ടൂ. അയാള്‍ എന്തുചെയ്യുന്നുവെന്നതല്ല മറ്റുള്ള ആറുപേര്‍ എന്തുചെയ്യുന്നുവെന്നതാണ്‌ പ്രധാനം. ജീവിതത്തിലും ഇതാണ്‌ പ്രധാനം.

l എന്റെ രോഗത്തെക്കുറിച്ച്‌ ഡോക്‌ടര്‍മാരോടു തന്നെ ഞാന്‍ ചോദിച്ചറിഞ്ഞു. അവരുടെ സംഭാഷണങ്ങള്‍ എഴുതിവെച്ചു. ഗവേഷണം എനിക്കിഷ്‌ടമാണ്‌. ഞാനെന്റെ രോഗെത്തുറിച്ചാണ്‌ അവസാനമായി ഗവേഷണം നടത്തിയത്‌!

l ഇനിയുള്ള ജീവിതം ജീവിക്കേണ്ടത്‌ എനിക്കു വേണ്ടിയല്ല എന്ന്‌ എനിക്ക്‌ മനസ്സിലായി.

l അഹങ്കാരവും അസൂയയുമാണ്‌ നാം നമ്മില്‍ നിന്ന്‌ കുടഞ്ഞുകളയേണ്ടത്‌.

l അര്‍പ്പണം ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിനയത്തിന്റെ ശക്തിയെക്കുറിച്ചും ഞാന്‍ പഠിച്ചത്‌ എന്റെ അച്ഛനില്‍ നിന്നാണ്‌. എന്റെ മക്കള്‍ അവരുടെ അച്ഛനില്‍ നിന്നും അത്‌ പഠിക്കണമെന്നാണ്‌ എന്റെ ആഗ്രഹം.

l നിങ്ങള്‍ക്ക്‌ ആകെയുള്ളത്‌ സമയമാണ്‌. പക്ഷേ, വിചാരിക്കുന്നതിലും കുറച്ചു മാത്രമേ അത്‌ നിങ്ങളുടെ കൈവശമുള്ളൂ എന്ന്‌ ഒരു ദിവസം നിങ്ങള്‍ കണ്ടെത്തും.

l സ്വന്തം സ്വപ്‌നങ്ങള്‍ മാത്രമല്ല, മറ്റുള്ളവരുടെ സ്വപ്‌നങ്ങളും സാക്ഷാത്‌കരിക്കണം.

l നിങ്ങള്‍ നിങ്ങള്‍ക്ക്‌ തന്നെ സ്വപ്‌നം കാണാനുള്ള അനുവാദം നല്‌കൂ. നിങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക്‌ പിന്തുണയും നല്‌കൂ.

l നമുക്കെല്ലാവര്‍ക്കും പരിമിതമായ സമയവും ശക്തിയുമേ ഉള്ളൂ. പരാതി പറഞ്ഞിരുന്നാല്‍ നാം എവിടെയുമെത്തില്ല. നിങ്ങള്‍ ആഗ്രഹിച്ചത്‌ ലഭിക്കാതെ വരുമ്പോള്‍ പോലും നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌ അനുഭവപരിജ്ഞാനമാണ്‌.

l `നിങ്ങള്‍ക്ക്‌ നന്ദി' എന്ന വാക്കിന്‌ വലിയ വിലയുണ്ടെന്ന്‌ തിരിച്ചറിയുക.

l `ക്ഷണിക്കണം' എന്ന്‌ പറയാന്‍ ഇടവരുത്താതിരിക്കുക.

l അധ്വാനിക്കാതെ നേടാനും, രക്ഷപ്പെടാനുമാണ്‌ ആളുകള്‍ കളവു പറയാറുള്ളത്‌. പക്ഷേ, മറ്റുള്ളവരെ നിങ്ങള്‍ക്ക്‌ വീണ്ടും കാണാനുള്ളതാണ്‌. ചില പ്രത്യേക സമയങ്ങളില്‍ രക്ഷപ്പെടാനാണ്‌ കളവു പറയുന്നത്‌. പക്ഷേ, യഥാര്‍ഥത്തില്‍ അതിന്‌ കഴിയില്ല.

l എല്ലാ ജോലികളും മഹത്തരമാണ്‌.

l മറ്റുള്ളവര്‍ നിങ്ങള്‍ക്ക്‌ തന്നത്‌ നിങ്ങള്‍ ഒരാള്‍ക്കെങ്കിലും നല്‌കുക.

l എനിക്ക്‌ ഇനിയും അധിക കാലമില്ല. എന്റെ മക്കളെ ഞാനെത്രയാണ്‌ സ്‌നേഹിച്ചതെന്ന്‌ പറയാനാകില്ല. അവരെ പിരിയാതിരിക്കാന്‍ ഞാനെത്ര മാത്രം ആഗ്രഹിച്ചുവെന്ന്‌ അവര്‍ മനസ്സിലാക്കണമെന്ന്‌ ഞാന്‍ കൊതിക്കുന്നു. വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക്‌ അച്ഛനില്ലാതാകുമല്ലോ എന്നോര്‍ത്ത്‌ എനിക്ക്‌ വിഷമമുണ്ട്‌.

l എന്നെക്കുറിച്ച്‌ അവര്‍ക്ക്‌ കുറച്ച്‌ ഓര്‍മകളേ ഉണ്ടാവുകയുള്ളൂ. മറക്കാന്‍ പറ്റാത്തതായിരിക്കണം ആ കുറച്ച്‌ ഓര്‍മകള്‍.

l എന്റെ മകളോട്‌ ഇഷ്‌ടത്തിലായ ആദ്യത്തെ പുരുഷന്‍ ഞാനാണെന്ന്‌ വലിയ കുട്ടിയാകുമ്പോള്‍ അവള്‍ അറിയണം.

l എന്റെ ഭാര്യക്ക്‌ ആഴത്തില്‍ അവളെ സ്‌നേഹിച്ച സത്യസന്ധനായ ഒരു ഭര്‍ത്താവായിരുന്നു ഞാന്‍ എന്നതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌.

l ഞങ്ങളുടെ രണ്ടുപേരുടെയും സ്‌നേഹത്തെയോര്‍ത്ത്‌ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ അഭിമാനിക്കണം.

ഇത്രയും പറഞ്ഞപ്പോള്‍ ഭാര്യ ഓടി വന്ന്‌ അദ്ദേഹത്തെ കരഞ്ഞു കെട്ടിപ്പുണര്‍ന്ന്‌ `ദയവുചെയ്‌ത്‌ മരിക്കരുത്‌' എന്ന്‌ പറഞ്ഞ രംഗം കണ്ണീരോടെയല്ലാതെ വായിച്ചുതീരില്ല

Tuesday, March 30, 2010